Thursday, 15 September 2016

ഹാപ്പി എഞ്ചിനീയര്സസ് ഡേ

"അച്ഛാ , എനിക്കൊരു കഥ പറഞ്ഞു താരോ ? "
" നല്ല കുട്ടികൾ അല്ലെ , മോളും മോനും പോയി ഉറങ്ങു , നാളെ പറഞ്ഞു തരാം "
" ഒരെണ്ണം മതി അച്ഛാ , ഞങ്ങൾ അത് കഴിഞ്ഞ ഉറപ്പായിട്ടും ഉറങ്ങാം "
" ഹാ ഹാ , മ്മ , ശരി, എന്ന കേട്ടോ  "

പണ്ട് പണ്ട് , വളരെ പണ്ട് മനുഷ്യൻ ഗുഹയിൽ താമസിക്കുന്ന കാലം , അന്ന് ഇരപിടിച്ചും , പഴങ്ങൾ തിന്നുമൊക്കെയാണ് മനുഷ്യൻ ജീവിച്ചത് , വന്യ ജീവികളെയൊക്കെ പേടിച്ചു ഒളിച്ചു , മഞ്ഞും മഴയുമൊക്കെ കൊണ്ട് ബുദ്ധിമുട്ടിയാണ് ജീവിതം  , അങ്ങനെ സങ്കടം സഹിക്ക വയ്യാതെ മനുഷ്യൻ ദൈവത്തിനെ വിളിച്ചു പ്രാർത്ഥിച്ചു , ഈ നരകത്തിൽ നിന്ന്‌ രക്ഷപെടുത്തണെ എന്ന്. പ്രാർത്ഥിച്ചു കഴിഞ്ഞില്ല  അപ്പോഴേക്കും  മറ്റൊരു മനുഷ്യൻ ഗുഹയിലേക്കു കയറി വന്നു. എന്നിട്ടു അയാൾ അവന്റെ കൈപിടിച്ച് പുറത്തേക്കു നടന്നു , സമയത്തിന്റെ നീണ്ട ഒറ്റയടി പാതയിലൂടെ അവനെ ഒരു പുത്തൻ ലോകത്തേക്ക് എത്തിച്ചു. താമസിക്കാൻ വീടും , കപ്പൽ , വിമാനം , വാഹനങ്ങൾ , വണ്ടികൾ , കമ്പ്യൂട്ടർ , ഫോൺ , ഭക്ഷണം , ഇന്ധനം , വൈദ്യശാസ്ത്രം , വൈദ്യുതി ..എന്ന് വേണ്ട എല്ലാ സൗകര്യങ്ങളും നിറഞ്ഞ , ദിവസവും മുന്നേറുന്ന ഒരു ലോകത്തേക്ക്. സ്വർഗ്ഗത്തെ പോലെ തോന്നിയ ഈ ലോകം കണ്ടു ആ ഗുഹമനുഷ്യൻ അയാളോട് ചോദിച്ചു " ആരാണ് നിങ്ങൾ ?, ഇതാണോ സ്വർഗ്ഗം ? നിങ്ങളാണോ ദൈവം ". ചിരിച്ചു കൊണ്ട് അയാൾ മറുപടി പറഞ്ഞു , " അല്ല സുഹൃത്തേ ഇത് ഭൂമി തന്നെയാണ് , സ്വർഗ്ഗം ഇവിടെ തന്നെയാണ് , ഞാനും ഒരു മനുഷ്യൻ ആണ് , വേണമെങ്കിൽ എന്നെ എഞ്ചിനിയർ എന്ന് വിളിച്ചോളൂ ". വിസ്മയഭരിതനായ ആ ഗുഹമനുഷ്യനു ഈ ലോകം കൊടുത്തു അവൻ വീണ്ടും നടന്നു പോയി. "
" എങ്ങനെയുണ്ട് കഥ ? "
" നല്ല കഥ"
" എന്ന എന്റെ മക്കൾ  പോയി ഉറങ്ങു  "
" അച്ഛാ ... "
" എന്തോ ? "
" ഞങ്ങൾക്ക് എഞ്ചിനീയർ ആവണം !!"
അയാൾ അവരെ വാരിയെടുത്തു ചുംബിച്ചു.എന്നിട്ടു പറഞ്ഞു
" നിങ്ങളുടെ ഉള്ളിൽ ഒരു എഞ്ചിനീയർ  ഉണ്ട് , നിങ്ങൾ ആ എൻജിനീയറെ പുറത്തു കൊണ്ടുവന്ന മതി. എന്നി രണ്ടു പേരും പോയി ഉറങ്ങിയെ" .
അന്ന് രണ്ടു കുട്ടികൾ ഉറങ്ങാൻ കിടന്നു , അവർ അന്ന് കണ്ട സ്വപ്നങ്ങളിൽ നന്മയും അറിവും വെളിച്ചവും നിറഞ്ഞ ഒരു നല്ല ലോകത്തെ സൃഷ്ടിക്കുന്ന ചിറകു മുളച്ച എഞ്ചിനിയർമാരായിരുന്നു.

"Happy engineers day" - ഹരി