ഒരു സഞ്ചാരിയുടെ
സ്വപ്നങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വളരും , എന്ന് ഞങ്ങൾക്ക് തോന്നി
തുടങ്ങിയിരുന്നു , ഗൂഗിളിൽ യാത്രകളുടെ സ്വപ്നങ്ങളും , അതിന്റെ തിരക്കഥയും
തിരയും നേരം , മുന്നിൽ എത്തിപ്പെട്ട ഒരു ഫോട്ടോ , അതിൽ നിന്നാണ് ഈ
യാത്രയുടെ ആദ്യവരി കുറിക്കപ്പെടുന്നത് , പുലിമട എന്നാ തർജ്ജമ്മയിലൂടെ
നിസാരവത്കരിക്കപ്പെടാവുന്ന , തത്സങ് ബുദ്ധസാങ്കേതത്തിന്റെ
മനംകുളിർപ്പിക്കുന്ന ദൃശ്യം.ആശിഷിന്റെ കണ്ണുകൾ അന്ന് തിളങ്ങിയിരുന്നത് ഞാൻ
ഇന്നും ഓർക്കുന്നു , നീണ്ട ചർച്ചകൾ , അന്വേഷണം, പഠനത്തിന് ഒടുവിൽ മാർച്ച്
3ന് ബാഗുകൾ ഒരുക്കുമ്പോൾ , എല്ലാം ഇന്നലെ കഴിഞ്ഞ പോലെ , ഒരുപാട് സ്വപ്നം
കണ്ട സ്വപ്നത്തെ നേരിട്ട് കാണാൻ പോകുന്നു. ഒരു മാസത്തോളമായി ആൽവിന്റെ മൊബൈൽ
വാൾപേപ്പർ ആ ചിത്രമാണ്. മാർച്ച് 4 ബാംഗ്ലൂർ ഗുവാഹട്ടി എക്‌സ്പ്രെസ്സിൽ
,ലക്ഷ്യസ്ഥാനം , ഭൂട്ടാൻ , വ്യാളികളുടെ സാമ്രാജ്യം , അവിടെയാണ് ഞങ്ങളുടെ
സ്വപ്നം.ഷിബിനു പറയും പോലെ മൊട്ട തോട് പോലെ ഒരു രാജ്യം.
ഒരു ഗംഭീരൻ
തീവണ്ടി യാത്ര , ഡാർവിന്റെ പരിണാമ സിദ്ധാന്തം പോലെ മൃഗീയം , സുന്ദരം ,
വിപ്ലവാത്മകം , പരിണമാത്മകം!! ഒടുവിൽ ഭൂപടത്തിൽ വിരലോടിച്ച വഴികളിലൂടെ
തീവണ്ടിയും മറ്റും വഴി ജൈഗോണ്. ഒരു മതിൽ കെട്ടിനപ്പുറം , ഭൂട്ടാൻ , അവിടെ
ഫുൻഷോളിങ് ( phuentsholing) , എന്ന നഗരം. സമിശ്രമായ വികസനഗ്രാമ പശ്ചാത്തലം
, എവിടെയും ദൃശ്യമായ ശാന്തത. ബുദ്ധമത സ്വാധീനമുള്ള കെട്ടിടങ്ങൾ ,
പുതുമതോന്നുന്ന വേഷവിധാ നങ്ങൾ , ഒരു മതിൽ കെട്ടിനു ഇപ്പുറം ഭൂട്ടാൻ അതിന്റെ
കൈയൊപ്പ് പതിപ്പിച്ചിരുന്നു.
അവിടെ നിന്ന് പെർമിറ്റ് എടുക്കണം , ക്ഷമ ,
കാര്യക്ഷമത ഇത് രണ്ടും പരീക്ഷിക്കപ്പെടും , ഇതിൽ തീർത്തും അസ്വസ്ഥനായി
കണ്ടതും , ഇടിച്ച് കയറാൻ ശ്രമിച്ചതും ഒരു ബുദ്ധസന്യാസിയാണ് എന്നത് ഒരു
തമാശയാണ് , എന്തയാലും ഞങ്ങൾ അവസാന ബസ്സ് പിടിക്കുക തന്നെ ചെയ്തു., 7
മണിക്കൂറ് മലയിൽ നിന്ന് മലയിലേക്ക് ഇഴഞ്ഞു കയറിയ റോഡിലൂടെ ഒരു യാത്ര ,
ഹിമാലയൻ മല നിലകളിൽ സ്ഥിരം മഞ്ഞു മൂടിയ മലകൾ അല്ല , വൃക്ഷങ്ങളാണ്
കൂടുതൽ.ഏതാണ്ട് 6 മണിക്കൂർ കഴിഞ്ഞാണ് തിമ്പു എത്തിയത് , ഒരുത്തരേയും
പിടിച്ചു കുലുക്കും പോലെ , അദൃശ്യനായ ഭീകരൻ തണുപ്പ്. തിമ്പു താഴ്വാരം
സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 6500 അടി മുകളിലാണ്. നല്ല ഉഗ്രനായി ഇംഗ്ലീഷ്
പറഞ്ഞ ഒരു പരിഷ്കാരി മാന്യന്റെ സത്രത്തിൽ രാത്രിയിലെ സുഖനിദ്ര കരാർ
ഉറപ്പിച്ചു , ആ നഗരരാത്രിയുടെ ആകാരവശ്യത്തിയിലേക്ക് ഞങ്ങൾ നടന്നു. വയറിന്റെ
ഉള്ളിൽ നിലയുറപ്പിച്ച വായുവിന്റെ ഭൂമി കൈയേറ്റം അസാധ്യമായപ്പോൾ ഒരു
മരുന്ന് കടയിൽ കയറി പുതിൻഹാരാ ചോദിച്ചതാണ് , അവിടെ നിന്നിരുന്ന മഹത്തിയായ
യുവതി , ഒരു പാക്കറ്റ്റ് കോണ്ടം (condom) എടുത്തു കൈയിൽ വെച്ച് തന്നു ,
അങ്ങനെ ശിഷ്ടം ഉണ്ടായിരുന്ന ഒരു അൽപ്പം മാനം കൂടി അന്ന് അപഹരിക്കപ്പെട്ടു,
ഞങ്ങൾ നന്ദി പറഞ്ഞു ഇറങ്ങുമ്പോൾ മടക്കി കൊടുത്ത കോൻടോം എടുത്തു വെച്ചവർ
പൊട്ടിച്ചിരിക്കുകയായിരുന്നു.
തിമ്പ്ഹു , പുനാക്ക , പാറു ഈ മൂന്ന്
സ്ഥലങ്ങളാണ് ഞങ്ങൾ യാത്ര ചെയ്യുവാൻ ഉദ്ദേശിച്ചിരുന്നത് , ഇതിൽ പുനാക്ക
പോകുവാൻ തിമ്പുവിൽ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ് , വലിയ വൈഷമ്യങ്ങള്
ഇല്ലാതെ അത് കൈകൊള്ളുവാൻ ഇടയായി എന്ന് ഓർമ്മിപ്പിക്കട്ടെ. ശേഷം ജിഗ്മെ
വാങ്ചുക് എന്നാ , ഞങ്ങൾ ഒരിക്കൽ പോലും പേര് വിളിക്കാൻ ധൈര്യപ്പെടാത്ത ,
സത്യം മാത്രം പറയുന്ന ഒരു വിദ്വാന്റെ വണ്ടിയിൽ സവാരി തുടങ്ങി. അന്ന്
dodernma ബുദ്ധ പ്രതിമ , national memorial chorten , thimphu dzong,
ഇന്ത്യ ഹൗസ് , 20കെഎം ദൂരെയുള്ള tango cherri ബുദ്ധ വിഹാരങ്ങളിൽ , cherri
ബുദ്ധ വിഹാരവും ചെന്ന് കാണുകയും , അതിയായ സന്തോഷം അനുഭവിക്കുകയും ചെയ്തു.
എത്ര സുന്ദരമായ ഭൂമി. ഇതിൽ cherri സന്ദർശിക്കാൻ ഒരു അല്പം അധ്വാനമൊക്കെ
വേണം , ചെങ്കുത്തായ ഒരു മണിക്കൂർ ട്രെക്കിങ് നടത്തി മുകളിൽ എത്തുമ്പോൾ
ദിവ്യമായ ശാന്തതയും , ഇമവെട്ടാതെ നോക്കാവുന്ന മനോഹരമായ താഴ്വാരവും
സമ്മാനമായി ലഭിക്കും.
ഇതിനിടയിൽ പറയാൻ മറന്നു , ഭൂട്ടാൻ നമ്മളെക്കാൾ അര മണിക്കൂർ മുൻപേ
പുറപ്പെട്ടിട്ടുണ്ട്, (Bhutan Time(UTC+06:00) is half an hour earlier
than Indian Standard Time)ഞങ്ങൾ അങ്ങനെ 7 മണിക്ക് , സത്യസന്ധൻ
ടാക്സികാരന്റെ കൂടെ പുറപ്പെട്ടു , പുനാക്കയിലേക്ക് (Punakha)!!
ആദ്യം
പോയത് dochula pass (10,171 ft), എന്നാ സ്ഥലത്തേക്കാണ്. യുദ്ധത്തിൽ
വീരമൃത്യു വരിച്ച ഭുട്ടാനീസ് പട്ടാളക്കാരുടെ സ്മാരകങ്ങളാണ് , ചരിത്രത്തിൽ
രക്തം ചിന്തിയപ്പോൾ അതിനി കണക്കു പറഞ്ഞ മരണത്തിന്റെ മണമുള്ള ബലികുടീരങ്ങൾ! ,
കൈ എത്തി പിടിക്കാൻ പാകത്തിന് ആകാശം താഴേക്ക് വന്നിരിക്കുന്നു , കൂടെ
മരവിപ്പിക്കുന്ന തണുപ്പും, ഒരു അൽപ്പം ഫോട്ടോ എടുത്തതും ഞങ്ങൾ തണുപ്പിന്
അടിയറവു പറഞ്ഞു , എന്നി അടുത്ത അത്ഭുതങ്ങളിലേക്ക് അതാ ആ ശകടം ഉരുള്ളുന്നു.
“പ്രിയപ്പെട്ടവരേ മറ്റൊരു അത്ഭുതം ഇതാണ്…” : ആകെ 7 ലക്ഷം പേര് മാത്രമുള്ള ഈ
മല മുകളിലും മലയാളിയെ അറിയാം , മലയാളവും അറിയാം , കേരളം അറിയാം , നമ്മൾ
തേങ്ങയുമായുള്ള അഗാധ ബന്ധത്തെ കുറിച്ചും അവർക്കു അറിയാം. ഇവരുടെ
പ്രിയപ്പെട്ട പല ടീച്ചർമാരും മലയാളികൾ ആയിരുന്നു , തോമസ് സർ , കൃഷ്ണൻ സർ ,
തെല്ലൊന്നു മദ്യപിക്കുന്ന എന്നാൽ ക്ലാസ്സ് ഗംഭീരമായി എടുക്കുന്നു ബൈജു സർ ,
കണക്കു എടുത്ത ജോസഫ് മാഷ് അങ്ങനെ എത്ര പേര് , ഞങ്ങൾക്ക് മുൻപേ നടന്ന
അഭിവന്ദ്യ ഗുരു സമൂഹമേ നിങ്ങള്ക്ക് ഒരായിരം നന്ദി !! ഞങ്ങൾക്ക്
അനുഗ്രഹിച്ചു കിട്ടിയ പുഞ്ചിരികളും ബഹുമാനവും അത് നിങ്ങള്ക്ക് ഉള്ളതാണ്.
അങ്ങനെ യാത്ര chimmi lakhang എത്തിയിരിക്കുന്നു. മനുഷ്യന്റെ നിസ്സഹായതയാണ്
പല വിശ്വസങ്ങൾക്കും തുടക്കം കുറിക്കുന്നത് , ഇതും അതുപോലെ കൗതുകം നിറഞ്ഞ
ഒന്നാണ്. കാര്യം നിസാരം , ഉദ്ദേശിക്കുന്ന സമയത്തു ഭവതി ഭാവാന്മാർക്കു മക്കൾ
ഉണ്ടായില്ലെങ്കിൽ , ഇവിടെ വന്നു പ്രാർത്ഥിച്ചാൽ ദിവ്യ സന്താനങ്ങൾ
ഉണ്ടാകുമെന്നാണ് വിശ്വസം. ഇതിന്റെ വേര് മുള്ളക്കുന്നത് 15 ആം നൂറ്റാണ്ടിൽ
നിന്നാണ് , അന്ന് ഒരു ലാമ എങ്ങോട്ടു വരും വഴി വെള്ളി കൊണ്ട് നിർമിച്ച ഒരു
പുരുഷ ലിംഗം കൊണ്ട് വന്നു , ഇതിനു ചെറിയ തോതിൽ ദിവ്യത്യമൊക്കെ ഉണ്ട് ,
ഇതിനാൽ അനുഗ്രഹിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു , അത് കഴിഞ്ഞാൽ ശ്രെയസ്സുള്ള
സന്താനങ്ങൾ ഉണ്ടാക്കുമെത്രെ. എന്നാൽ അതൊന്നു കണ്ടു കളയാം എന്ന് വെച്ചപ്പോൾ
ലോക്കറിൽ വെച്ച് പൂട്ടിയിരുന്നു. പിറക്കാതെ പോയ ഉണ്ണികൾക്ക് വേണ്ടി
പ്രാർത്ഥിച്ചു ഞങ്ങൾ പുറത്തിറങ്ങി , അവിടെ നിന്നാൽ താഴ്വാരം കാണാം.
ഭൂട്ടാനിൽ വരുമ്പോൾ വീടുകൾക്ക് മുൻപിൽ നിങ്ങൾ മരം കൊണ്ട് ഉണ്ടാക്കിയ ലിംഗം
(phallus)പാവകൾ കണ്ടേക്കാം , ഒട്ടും ഭയപ്പെടേണ്ട , ഉള്ളിൽ തികട്ടുന്ന
സദാചാര ബോധം ചവച്ചു തുപ്പുക , അപ്പോൾ അത് വെറും പാവ മാത്രമായി കാണപ്പെടും.
ശേഷം പുനാക്ക സോങ് (Punakha dzong) കാണാൻ പോയി. മോച്ചു(Mo Chu) എന്ന പെൺ
നദിയും , പോച്ചു(Po chu) എന്നാ ആൺ നദിയും കൈ പിടിച്ചു ഒഴുക്കുന്ന
സ്ഥലത്താണ് ഈ കൊട്ടാരം , പഴമയുടെ ഏടുകളിൽ എവിടെയോ ഇതിനും കഥകൾ ഉണ്ട് ,
ബഹളക്കാരൻ ആയതു കൊണ്ടാണത്രെ പോച്ചു ആൺ നദിയായത് , ആരോടും മിണ്ടാതെ മുഖം
കുനിച്ചു , തെല്ലു നാണത്തോടെ ഒഴുക്കുന്നവൾ മോച്ചു , അവൾ മൊഞ്ചുള്ള അസ്സല്
പെണ്ണാണ്. ശേഷം ഒരു തൂക്കുപാലം കൂടി ഉൾപ്പെടുത്തി അന്നത്തെ യാത്ര PARO വിൽ
അവസാനിക്കുന്നു.
ഉച്ചക്ക്, ഭൂട്ടാൻറെ തദ്ദേശീയ വിഭവമായ ഇമ ദറ്റ്സി(ema
datsi) അന്ന് വിനീത വിധേയരായി ആവശ്യപ്പെടുകയും , പിന്നിട് അതിൽ
അത്ഭുതപ്പെടുകയും ചെയ്തു , കാരണം അത് കഴിക്കുന്ന പക്ഷം നിങ്ങൾ ഭക്ഷണം
പോകുന്ന വഴി തീരവും വളവും തെറ്റാതെ അറിയുന്നതായിരിക്കും , ഉരുകിയ വെണ്ണയിൽ
സായുദ്ധ സന്നദ്ധരായ മുളകുകൾ , അതായിരുന്നു ഇമ ദറ്റ്സി. ഭൂട്ടാന് ഓർമമകളിലെ
നൊമ്പരാമല്ലാത്ത കണ്ണുനീരാണ് ഇമ ദറ്റ്സി.
പാറു നഗരം സുന്ദരിയാണ് , പാറു
കുട്ടി എന്ന് സ്നേഹത്തോടെ ഞങ്ങൾ അവളെ വിളിച്ചു , പിറ്റേ ദിവസം ഈ
ദൂരമെല്ലാം ഞങ്ങളെ കൊണ്ട് വന്ന ആ സ്വപ്നത്തിലേക്കാണ് ഞങൾ പോയത്. 4
പാക്കറ്റ് ഗ്ലുക്കോസ് , ബിസ്ക്കറ്റ് , കുടിക്കാൻ വെള്ളം , തുടങ്ങി എല്ലാം
ഉണ്ട് , ചെത്തി മിനുക്കിയ വടി കൈയിൽ എടുത്തു , താഴെ നിന്ന് മുകളിലേക്കു
നോക്കി. ബുറജ് ഖലീഫയുടെ ഉയരത്തിൽ , ഒരു മലയിൽ പറ്റി പിടിച്ചു നിക്കുന്ന
ടൈഗേഴ്സ് നെസ്റ്റ്. ഒരു ഘടാഘടിയാൻ സ്വപ്നം തന്നെ. 2000m മുകളിൽ ആയിരുന്ന
ഞങ്ങൾ വീണ്ടും 1000m കൂടി മുകളിലേക്കു കയറി. 8ആം നൂറ്റാണ്ടിൽ ഗുരു പദ്മ
സംഭവ , അഥവാ റിംപോച്ചെ , ഇവിടെ പുലിയുടെ മുകളിൽ കയറി എത്തിയെന്നും ,
ധ്യാനിച്ചെന്നുമാണ് ഇതിഹാസം.അതി ശക്തമായ ഒരു പോരാട്ടത്തിലൂടെ , 3
മണിക്കൂറോളം എടുത്തു , വഴിയിൽ ഇടയ്ക്കു പരിചയപ്പെട്ട സുമുഖനായ ശ്വനാവിദ്വന്
druk എന്നാ പേരും ഒരു പാക്കറ്റ്റ് ബിസ്കറ്റും കൊടുത്തു , ഇടയ്ക്കു കണ്ട പല
രാജ്യങ്ങളിൽ നിന്ന് എത്തിയ യാത്രക്കാരോട് ലോക കാര്യങ്ങൾ ചർച്ച് ചെയ്തും ,
[അവിടെയും മലയാളി ഉണ്ടായിരുന്നു ], ഞങ്ങൾ മുകളിൽ എത്തി , ആരും കയറാതെ വിട്ട
പുലി മട ഞങ്ങൾ അതിസാഹസികമായി കണ്ടു , അതിമനോഹരമായ ആ ബുദ്ധവിഹാര കേന്ദ്രം
കണ്ണ് അടക്കാതെ ഞങ്ങൾ മൊത്തി നുകർന്ന്. ഒടുവിൽ ഏറ്റവും മുകളിലുള്ള മുറിയിൽ
കണ്ണുകൾ അടച്ചിരുന്നു. അല്ലയോ വിസ്മയങ്ങളുടെ അമ്മയായ പ്രകൃതിയെ , രഹസ്യങ്ങൾ
കൊണ്ട് മിനുക്ക് പണികൾ നടത്തുന്ന പ്രപഞ്ചമേ നിങ്ങള്ക്ക് നന്ദി!! ഈ
സ്വപ്നവും ഇതാ സത്യമായിരിക്കുന്നു.
ഹൃദയം നിറയെ ഓർമ്മകളുമായി ഒരു തിരിച്ചു പോക്ക് , വന്ന അതെ വഴിയിലൂടെ ....
വീണ്ടും തുകളിൽ തൂക്കിയിറങ്ങാൻ ഈ മാറാപ്പു ഇത്തിരി നേരം ഇറക്കി വെക്കാൻ.
മിന്നൽ പിണറുകളുടെയും കൊടുംകാറ്റിന്റെയും തോഴനായ ആ വ്യാളി അതാ മേഘ രൂപനായി നിൽപ്പുണ്ട് , വ്യാളി ചിരിക്കുന്നു , ഞങ്ങളും.
ശുഭം
Bhutan-
Reach by Land (our route): Bangalore – Howrah(WB)- New Jalpaiguri(WB) –
New Alipuduar(WB) –Hasimara(WB) –Jaigoan(WB)/Phuentsholing.
Permit
is granted for Indians who wish to goto Thimphu/Paro using Passport or
Election Id card, on arrival. No need for any permit to roam in
Phuentsholing town. Extended Permit to be taken from Thimphu before
roaming into interior places like Punakha.
Our Expense inside Bhutan: Rs4300/head excluding food.
-ഹരി