(കഥ സങ്കല്പികം ആണ് , ആരെയും ഉദ്ദേശിക്കുന്നില്ല , ഒന്നും ഉദ്ദേശിക്കുന്നില്ല )
ഇന്ത്യ ചൊവ്വയിലേക്ക് " മംഗൾയാൻ " അയച്ച അതെ മാസമായായിരുന്നു. ചേനചുവട്ടിൽ ശങ്കരൻ പിള്ളയുടെ മൂത്ത മോൾ ഇന്ദിരയുടെ കല്യാണം. അങ്ങ് ഗുരുവായൂർ വെച്ചായിരുന്നു കെട്ടു, എന്നിട്ടു നമ്മടെ മനിശ്ശേരി കെ എം ഓഡിറ്റോറിയത്തിൽ വെച്ച് 2 കൂട്ടം പായസം വെച്ച് ഗംഭീര സദ്യ. അല്ല കല്യാണം വെച്ച ചെക്കന്റേം പെണ്ണിന്റേം വീട്ടുക്കാർകൊഴിക്കേ ബാക്കി എല്ലാവര്ക്കും സദ്യ എന്നാണ് അർത്ഥം , അല്ല അതാണ് ഒരു രീതി. ചേനച്ചുവട്ടിൽ ശങ്കരൻ പിള്ള , നാട്ടിലെ പേര് കേട്ട പ്രമാണിമാരുടെ സെൻസസ് എടുത്താൽ അതിൽ മുന്നിൽ വരുന്ന ആളാണ്. ഇത് മൂപ്പര് തന്നെ ഇടയ്ക്കു പറയുന്നതാണ്. വാണിയംകുളത്തു ചന്തക്കു പത്തടി ദൂരെ പലചരക്കു കട നടത്തുകയാണ്. പക്ഷെ ആള് സാധുവാണ് കേട്ടോ ? സമ്പാദിക്കാൻ കഷ്ട്ടപെടേണം എന്നുള്ളത് കൊണ്ട് മൂപ്പര് ആ ലൈൻ അത്ര നോക്കിയിട്ടില്ല. ചുമ്മാ അച്ഛന്റെ കാശിനു ഒരു കടയിട്ടു , 30 കൊല്ലമായി നോക്കി നടത്തുന്നു. ഭാര്യ , രണ്ടു പെണ്മക്കൾ , പിന്നെ മൂപ്പർക്ക് ഒരു പെങ്ങൾ ഉള്ളത് കോയമ്പതോർ ആണ്. എന്നാലും മൂപ്പര് കാശിനു ആർത്തി ഇല്ലാത്തൊണ്ട ഇങ്ങനെ പോണത് എന്നെ പറയു. ആയ കാലത്തു പുള്ളിക്കാരൻ പെണ്ണ് കെട്ടാൻ വേണ്ടി വിസിറ്റിംഗ് വിസയെടുത്തു ഒരു 3 മാസം പോയി നിന്ന്. എന്നിട്ടു ഗൾഫുകാരൻ എന്നാ ലേബൽ ഒപ്പിച്ചു ശ്രീമതിയെ വിവാഹം ചെയ്തു. ദാ ഇപ്പൊ മൂത്ത മകൾ ഡിഗ്രി കഴിഞ്ഞു , രണ്ടാമത്തെ മകൾ പ്ലസ്സ് ടു കഴിഞ്ഞു. അപ്പോഴാണ് മൂത്ത മകളുടെ കല്യാണം ആലോചിച്ചു തുടങ്ങിയത്. മകളുടെ ജാതകം നോക്കൽ ആണ് , ആദ്യ പരിപാടി. " മംഗൾയാൻ " എന്താണ്ടു പകുതി ആയ വാർത്ത വന്ന പേപ്പറിന്റെ മുകളിൽ ജ്യോതിഷ്യൻ പേരിങ്ങാട്ടുശ്ശേരി നാരായണൻ നമ്പൂതിരി പലക വെച്ച് കവിടി നിരത്തി. ഒരു ചതുരം വരച്ചു , അതിൽ കുറെ കാലം വരച്ചു , "ശ " , "ശു" , "കു" എന്നൊക്കെ എഴുതിയട്ടാണ് പരിപാടി. പേര് കേട്ടപ്പോ നിങ്ങള്ക്ക് സിനിമ നടൻ തിലകൻ കുറച്ചു ഭസ്മം ഒക്കെ ഇട്ടു ഇംഗ്ലീഷ് പറയുന്ന പോലെ ഒക്കെ തോന്നും എങ്കിലും , ഇദ്ദേഹം അങ്ങനെയല്ല. സത്യം പറഞ്ഞ 10 ക്ലാസ്സു പോയിട്ടില്ല , അന്ന് ശാന്തി പണി പഠിച്ചു , അമ്പലത്തിൽ പൂജാരിയായി ജോലി ചെയ്യുകയായിരുന്നു. രാവിലെ 6 മണിക്ക് , പൂജക്ക് നടയടച്ചു , അതിനുള്ളിൽ കയറി ഉറങ്ങി ആ ജോലി പോയതാണ്. എന്നിട്ടു ജ്യോതിഷത്തിലേക്ക് ഇറങ്ങി , പക്ഷെ അതിൽ മിന്നി തിളങ്ങി. ഇപ്പൊ എന്തിനും ഇവിടെ പരിഹാരം ഉണ്ട്. ശെരി കഥയിലേക്ക് തിരിച്ചു വരാം , "മംഗൾയാൻ" , സോറി ,ഇന്ദിരയുടെ കല്യാണം. അങ്ങനെ കളം വരച്ചു കവിടി നിരത്തി , രണ്ടു കരു എടുത്തു ഇടതു ഭാഗത്തു നടുവിൽ ഉള്ള കള്ളിയിൽ വെച്ച്. അതോടു കൂടിയാണ് എല്ലാം തകിടം മറിഞ്ഞത്. മിസ്റ്റർ.ശങ്കരൻ പിള്ളയുടെ മകൾ ഇന്ദിര , ബി എസ്സ് സി ഫിസിക്സ് , 86% , എൻ .സ് .സ് കോളേജ് പാലപ്പുറം , സൽപ്പേരുള്ള കുട്ടിക്ക് ചൊവ്വാദോഷമാണ്.
ചൊവ്വദോഷം എന്ന് വെച്ച എന്താണ് എന്നു വലിയ പിടിയില്ല , എന്നാലും അച്ഛന്റെ പേര് മാറ്റി കെട്ടിയോനെ പേരിടാൻ കുറച്ചു വൈകും എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവിടെ എല്ലാവര്ക്കും ഉണ്ടായിരുന്നു. അതോടു കൂടി ആ വീട് ശോക പൂർണമായി. പി എസ് സി എഴുതിയ ജനറൽ ക്യാറ്റഗറികാരന്റെ പോലെ അവസരങ്ങൾ കുറവായിരുന്നു. പത്രത്തിൽ ഒന്നാം പേജിൽ ചൊവ്വ പര്യടനം ചർച്ച ചെയ്യപ്പെട്ടപ്പോൾ , ഉള്ളിലെ പേജിൽ ഇന്ദിരാ കണ്ട സ്വപ്നങ്ങളിൽ ചൊവ്വ ദോഷത്തിന്റെ ഫിൽറ്റർ ഉണ്ടായിരുന്നു. എന്നി ഇന്ദിരക്കു ഷാരൂഖ് ഖാനെ സ്വപ്നം കണ്ട പോരാ ചൊവ്വാദോഷമുള്ള ഷാരൂഖ് ഖാനെ സ്വപ്നം കാണണം. ആ അങ്ങനെ കല്യാണം തുര് തുരാ മുടങ്ങി. ഒന്നുകിൽ പയ്യന് പെണ്ണിനെ പറ്റില്ല , പെണ്ണിന്റെ അച്ഛന് പയ്യനെ പറ്റില്ല , ഇല്ലേ പയ്യന്റെ അമ്മക്ക് പെണ്ണിന്റെ വീസ പറ്റില്ല , ഇല്ലേ പെണ്ണിന്റെ അമ്മാവന് ചെക്കന്റെ നാട് പറ്റില്ല , ഒക്കെ പറ്റി ഒരു വഴിക്കാവുമ്പോ അതാ വഴിയിൽ ചൊവ്വാദോഷം മിഥുനത്തിലെ ഇന്നസെന്റിന്റെ പോലെ കൈയും കെട്ടി നിൽക്കുന്നു. അങ്ങനെ ഒക്കെ മുടങ്ങി. വെറും ശോകം , അമ്മയും മോളും 6 30 മുതൽ 9 30 വരെയുള്ള സീരിയലുകളിൽ മനശാന്തി കണ്ടെത്തി. ശങ്കരൻ പിള്ള പ്രതാപം ഒക്കെ പോയി , പലചരക്കു കടയിൽ മാനം നോക്കി ഇരിപ്പായി.
അങ്ങനെയിരിക്കെ നമ്മുടെ ശങ്കരൻ പിള്ള ഒരു കാരുണ്യ എടുത്തു. സംഭവം 3 കെജി അരിയും , 2 കെജി പഞ്ചസാരയും വാങ്ങി ലോട്ടറികാരൻ മുത്തു പൈസ ഇല്ല പറഞ്ഞപ്പോ പൈസക്ക് പകരം ലോട്ടറി പിടിച്ചു വാങ്ങിയതാണ്. എന്തായാലും ചൊവ്വാദോഷം ഇന്ദിരയുടെ തലയിൽ പേൻ നോക്കുന്ന തക്കത്തിന് , ഭാഗ്യം ശങ്കരൻ പിള്ളയുടെ റൂമിൽ കയറി വാതിൽ അടച്ചു. ആ വ്യാഴാച്ച റിസൾട്ട് വന്നപ്പോഴലെ എല്ലാരും ഞെട്ടിയത്. ഫസ്റ്റ് പ്രൈസ നമ്മടെ ശങ്കരൻ പിള്ളക്ക്. മുത്തു ബോധം കെട്ടു , ശങ്കരൻ പിള്ള അന്ന് കടയടച്ചു , നാട് മൊത്തം ആഘോഷിച്ചു. നാരായണൻ നമ്പൂരി കാണാതെ പോയ കരു തിരയുകയായിരുന്നു. എന്തയാലും സംഗതി ഏറ്റു. ശങ്കരൻ പിള്ള , ലൈസൻസ് ഇല്ലെങ്കിലും ഒരു വെള്ള മാരുതി സ്വിഫ്റ്റ് അങ്ങ് വാങ്ങി ഉമ്മറത്തിട്ടു. ഇരുമ്പിന്റെ ഗേറ്റ് വെച്ചു , മതിൽ ഒന്ന് പുതുക്കി പണിതു. രണ്ടു മക്കൾക്കും കുറച്ചു സ്വർണ്ണം വാങ്ങി , 10 ലക്ഷം വെച്ച് മക്കൾ രണ്ടു പേർക്കും ഓരോ എഫ് ഡിയും (fixed deposit)ഇട്ടു. ബാക്കി വന്നത് ഭാര്യടെ പേരിലും , കുറച്ചു അയാളുടെ കൈയിലും വെച്ചു. പരസ്യം ഒന്നും കൊടുകേണ്ടി വന്നില്ല , പാലക്കാട് , തൃശൂർ , മലപ്പുറം ഭാഗത്തു നിന്ന് ഇഷ്ടം പോലെ ആലോചനക്കൾ. തെറ്റിലാത്ത ഒരെണ്ണം ഉറപ്പിച്ചു , മംഗൾയാൻ വിക്ഷേപിച്ച അതെ മാസം ഗുരുവായൂർ വെച്ചായിരുന്നു കെട്ടു. ചെക്കൻ ഗൾഫിലാണ് കേട്ടോ പേര് സുമേഷ് ഭാസ്കർ, കല്യാണം കഴിഞ്ഞു രണ്ടാമത്തെ ആഴ്ച മംഗൾയാൻ അവിടെ നിന്ന് ആദ്യത്തെ സിഗ്നൽ അയച്ചു. അന്ന് സുമേഷും ഇന്ദിരയും കൂടി ഊട്ടിക്കു പോയി , വെള്ള സ്വിഫ്റ്റിൽ ( സ്ത്രീധനം അല്ല കേട്ടോ , വണ്ടി ഇന്ദിരടെ പേരിൽ ആക്കി , അത്രേ ഉള്ളു ). ശുഭം : അയ്യോ , ഞാൻ " ചൊവ്വാദോഷത്തിന്റെ " കാര്യം വിട്ടു പോയി , അവർ ഊട്ടി പോയാ ദിവസം നല്ല കോടമഞ്ഞു ഉണ്ടാർന്നു , വഴിയിൽ നെഞ്ചും വിരിച്ചു നിന്ന ചൊവ്വദോഷത്തിന്റെ നെഞ്ചത്ത് കൂടി സുമേഷ് ഭാസ്കറും , ഇന്ദിരാ സുമേഷും കാറോടിച്ചുപോയി. ചൊവ്വാദോഷം അങ്ങനെ അകാല ചരമം പ്രാപിച്ചു.
- ഹരി
No comments:
Post a Comment