സാഗരദീർഘമായ ഒരു സുന്ദരൻ ഉറക്കം സ്വപ്നം കണ്ടു , കഴിഞ്ഞ ഞയറാഴ്ച ഒന്ന് നടു നിവർത്തിയതാണ് . നട്ടെല്ല് ഒന്ന് നേർ രേഖ പോലും ആയില്ല , മാതാശ്രീ ഒരു അപേക്ഷയുമായി മുന്നിൽ എത്തിയിരിക്കുന്നു. എന്താ സംഭവം ? ടാങ്ക് കഴുകണം , കാരണം , ടാങ്കിന്റെ അടിഭാഗത്തു ഒരു ചരിത്രം ഉറങ്ങാൻ തക്ക മണ്ണ് അടിഞ്ഞു കൂടിയിരിക്കുന്നു. അത് നീക്കം ചെയ്തു , ടാങ്കിനെ ഒന്ന് കുട്ടപനാക്കണം . അതീവ സാഹസികമായ ആ ജോലി കഴിഞ്ഞ കുറെ കാലങ്ങളായി ഞാനും എന്റെ പെങ്ങളും കൂടിയാണ് നിർവഹിക്കാറു , അതൊരു അഹങ്കാരമല്ല , ഒരു ദൈന്യതയാണ്. പതിവ് ഞങ്ങൾ , വേണ്ട ആയുധങ്ങളുമായി മുകളിൽ കയറി , ടാങ്ക് വൃത്തിയാക്കി തുടങ്ങി . വായവട്ടം ഇല്ലാത്ത പ്ലാസ്റ്റിക് ടാങ്ക് ആയതിനാൽ ഉള്ളിൽ കയറാൻ പറ്റില്ല , വെള്ളം വാർന്നു പോകുവാൻ വഴിയില്ലാതെ കാരണം , വെള്ളം മൊത്തം പിഴിഞ്ഞ് കളയണം. അങ്ങനെ ഞങ്ങൾ കഥയും പറഞ്ഞു , പാട്ടും പാടി പണിയങ്ങു തീർത്തു . ഒരു വീട് പണിയാനുള്ള മണ്ണ് അടിയിൽ നിന്ന് കിട്ടിയെങ്കിലും , അതിന്റെ അഹങ്കാരമൊന്നും കാട്ടാതെ , ഞങ്ങൾ അത് കളയുകയാണ് ചെയ്തത്. എന്നിട്ടു താഴെ ഇറങ്ങാൻ നിക്കുമ്പോഴാണ് , അനിയത്തി വീടിനെക്കാളും വളർന്ന മരം ചൂണ്ടി കാട്ടുന്നത് . ഒരു തെല്ലു അഭിമാനമൊക്കെയുണ്ട് . പുള്ളികാരി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ , ഒരു കുട്ടിക്ക് ഒരു മരം പദ്ധതിയിൽ കിട്ടിയ മരമാണ് അവൻ , താന്നിഎന്നാണ് പേര്. അവനാണ് വീടിനെക്കാളും പൊക്കത്തിൽ ഉയർന്നു നിൽക്കുന്നത് . എനിക്ക് ഇത്തിരി ദേഷ്യമൊക്കെ വന്നു , കാരണം അവന്റെ തലയെടുപ്പിൽ ഒരു അഹങ്കാരിയുടെ ലക്ഷണം ഉണ്ട്.ഒരു വളവും തിരിവും ഇല്ലാതെ നെഞ്ചും വിരിച്ചു , കുത്തന്നെ ഒരു നിൽപ്പ് , ആ നിന്ന നിൽപ്പിൽ അവൻ വളർന്നു പൊന്തി , ഇന്നു വീടിനെക്കാളും ഉയർത്തിൽ നെഞ്ചും വിരിച്ചു , ഒറ്റ നിൽപ്പാണ്. അപ്പോഴാണ് പെങ്ങൾ ഓർമ്മകൾ തിരഞ്ഞു ഒരു സത്യവുമായി വന്നത് . " ഇത് ഏട്ടൻ നട്ട മരമാണ്" , "അടിപൊളി , ഞാൻ നട്ടതോ? " . " അതെ , ഏട്ടൻ തന്നെ !" . ഓർത്തപ്പോൾ സംഗതി ശെരി തന്നെ , അപ്പോൾ ആ മരമാണ് ഇവൻ. എന്റെ മനസ്സിൽ അഭിമാനം നിറഞ്ഞൊഴുകി , എനിക്ക് പിറക്കാതെ പോയ എന്റെ ഉണ്ണി ! ഞാൻ മരത്തിന്റെ നീട്ടി വിളിച്ചു, മരത്തിന്റെ ഇലകൾ കാറ്റിൽ അനങ്ങി , അവൻ ചിരിക്കുകയാണ് , അതോ കാരയുന്നുണ്ടോ? നോക്കുമ്പോ പഴയപോലെ ആ അഹങ്കാരം വിടാതെ നില്പുണ്ട് , എന്നാലും ഒന്ന് ചിരിച്ചോ എന്നൊരു സംശയം. ഒരു അച്ഛന് മകനെ കുറിച്ച് ഓർത്തുള്ള സന്തോഷം പോലെ ആയിരുന്നു എന്റെ കാര്യം., ആ മരത്തിന്റെ കൊമ്പിലും , ഇലയിലുമൊക്കെ തലോടി , വിശേഷമൊക്കെ ചോദിച്ചു , നാലഞ്ച് വട്ടം അവനെ ചുറ്റി പറ്റിയൊക്കെ നടന്നു. എന്തായാലും ഗംഭീരം സന്തോഷം തന്നെ. അതോടെ ഞാനും ഒന്ന് തീരുമാനിച്ചു , പറ്റും പോലെ ഇത്തിരി മരമൊക്കെ വെക്കണം , എന്നിട്ടു എല്ലാത്തിന്റെയും ഫോട്ടോ എടുത്തു വെക്കണം , എന്നിട്ടു ഒരു പത്തു കൊല്ലം കഴിയുമ്പോ ഇത് പോലെ അവന്മാരുടെ മുഖം നോക്കി അഭിമാനത്തോടെ നിൽക്കണം. ഈ ഭൂമിയിൽ എല്ലാവരും ഇത് പോലെ ചെയ്യുവാൻ ഇടവരട്ടെ , നിങ്ങൾക്കെല്ലാം മരങ്ങൾ മക്കളായി പിറക്കട്ടെ , നന്ദി നമസ്ക്കാരം
No comments:
Post a Comment