Saturday, 11 June 2016

പ്രേമം

ഒരു ട്രെയിൻ യാത്രക്കിടെ
ഒരു കവിതയുടെ പണി പുരയിലാണ്,
ഗാഢമായി ചിന്തിച്ചു
വരികൾ കുത്തിക്കുറിക്കുകയാണ്
വിഷയം പതിവ് പോലെ
പ്രണയം തന്നെ
അങ്ങനെ എഴുതി കഴിഞ്ഞപ്പോഴാണ് അടുത്ത്
ദിനപത്രം വായിക്കുന്ന
യുക്തിചിന്ത ചോദിച്ചത്
" ഏതു നേരവും എന്തിനാ
ഈ വിഷയം മാത്രം , നിങ്ങൾ
കവിതയെ വിഷയ ദാരിദ്രയത്തിൽ മുക്കി
കൊല്ലുകയാണ്."
അത് ശരിയാണെന്നു എനിക്കും തോന്നി
യുക്തിചിന്ത വായന തുടർന്നു,
നോക്കുമ്പോൾ ഇന്ന് എഴുതുന്ന ഒരുപാട്
കവിതകൾ പ്രണയം , പ്രണയ തകർച്ച എന്നിങ്ങനെ
പതിവ് വിഷയങ്ങൾ മാത്രം
കിടന്നു കറങ്ങുകയാണ്,

ഞെട്ടിപ്പിക്കുന്ന ഈ സത്യം
എന്നെ തീർത്തും നിരാശനാക്കി ,
പ്രണയത്തിന് കിട്ടുന്ന
പ്രത്യേക സംവരണത്തിൽ
എനിക്ക് ഒരല്പം അരിശമൊക്കെ തോന്നി
അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ
അതാ കയറുന്നു പ്രണയം
കൂളിംഗ് ഗ്ലാസും , കോട്ടും , സ്യുട്ടുമൊക്കെയായി
വലിയ പത്രസിലാണ് ,
ഞാൻ കണ്ട വഴി കാര്യം ചോദിച്ചു
" ഹേ , മിസ്റ്റർ പ്രണയം , ആ മരതല തിരിച്ചു ഒന്ന് നോക്ക് ,
നിങ്ങൾ എന്തിനാണ് ഈ യുവകവികളെ
വഴി തെറ്റിക്കുന്നത് ,
വിഷയം അന്വേഷിച്ചു നടക്കുന്ന എല്ലാവരെയും ഇങ്ങനെ
കൈവശപെടുത്തുന്നത് ശരിയല്ല"
ഇത് കേട്ട് പ്രണയം ഒന്ന്
ചിരിച്ചു , എന്നിട്ടു റേ ബാൻ
കൂളിംഗ് ഗ്ളാസൂരി കോട്ടിൽ തുടച്ചു
സ്‌റ്റൈലായി വെച്ചു , മീശ പിരിച്ചു
എന്നിട്ടു പറഞ്ഞു
" അല്ലയോ മിസ്റ്റർ യുവകവി ,
ഞാൻ കൈവശപ്പെടുത്തുകയല്ല ,
ഈ കവിത കണ്ടുപിടിച്ചത്
തന്നെ ഞാനാണ് ,
കവിത എനിക്ക് വേണ്ടി ജനിച്ചതാണ്
മറ്റു വിഷയങ്ങൾ എന്റെ
സമ്മതത്തോടെ വന്നതാണ്
അതുകൊണ്ടു കവിത പ്രണയത്തിന് വേണ്ടി
എഴുത്തപ്പെട്ടിലെങ്കിൽ
അത് എന്ത് കാലമാണ് ???"
പ്രണയം പുറത്തേക്കു നോക്കി ഇരുന്നു ,
യുക്തിചിന്ത വായന തുടങ്ങി
ഞാൻ എഴുതി
" കറവ വറ്റാത്തൊരു ജേഴ്‌സി പശുവാണ് പ്രണയം "
പ്രണയത്തിന് കൊമ്പും വാലും മുളക്കുന്നു ,
ട്രെയിനിന്റെ ശബ്ദത്തിൽ
"ഉംബെ" വിളി മുങ്ങുന്നു

1 comment: